news img

ലൈബീരിന്‍ വസന്തം

ലൈബീരിയ എന്ന വാക്കിന്റെ അര്‍ത്ഥം സ്വതന്ത്രരുടെ നാട് എന്നാണ്. മരണത്തിന്റെയും കലാപത്തിന്റെയും ഗന്ധമുള്ള മണ്ണ്, ഭാഗ്യംകെട്ടജനത, ദുരന്തങ്ങള്‍ വേട്ടയാടിയ ജീവിതങ്ങള്‍, ലോകത്തിന് മുമ്പില്‍ അടുത്ത കാലം വരെ ലൈബീരിയ എന്ന ആഫ്രിക്കന്‍ രാജ്യം അറിയപ്പെട്ടത് ഇങ്ങനെയായിരുന്നു. 1970കളില്‍ മൊണ്‍റോവിയയിലെ ചെളി നിറഞ്ഞ ചേരികളില്‍ എല്ലുന്തിയ ഒരു കറുത്തപയ്യന്‍ ഫുട്‌ബോള്‍ കളിച്ച് നടന്നിരുന്നു. കൂലിപ്പണിക്കാരായ വില്യം ടിവിയയുടെയും അന്നയുടെയും മകനായിരുന്നു അത്. ഇല്ലായ്മയോടും ദാരിദ്ര്യത്തോടും പടവെട്ടാന്‍ അവന്‍ സ്വീകരിച്ച മാര്‍ഗമായിരുന്നു ഫുട്‌ബോള്‍. പട്ടിണിമാറ്റാന്‍ നിരവധി ജോലികള്‍ ചെയ്തു. അപ്പോഴെല്ലാം അവന്റെയുള്ളില്‍ കാല്‍പ്പന്തിനോടുള്ള പ്രേമം അണയാതെ സൂക്ഷിച്ചു. ഇതിനിടെ ലൈബീരിയ രണ്ട് ആഭ്യന്തര യുദ്ധങ്ങളിലൂടെ കടന്നു പോയി. ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് അഭയാര്‍ത്ഥികളെ സൃഷ്ടിക്കുകയും ചെയ്തു. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ഈ യുദ്ധങ്ങള്‍ തകര്‍ത്തു. മാരകായുധങ്ങളുമായി ഭരണകൂടത്തിന്റെ കിങ്കരന്‍മാര്‍ നരനായാട്ട് നടത്തി.

ദാരിദ്ര്യവും മരണത്തിന്റെ ഗന്ധവും തളംകെട്ടി നില്‍ക്കുന്ന സമയത്താണ് മുത്തശി സമ്മാനിച്ച ബൂട്ടുകളുമിട്ട് പ്രാദേശിക ഫുട്‌ബോള്‍ മത്സരത്തിന് അവന്‍ പോകുന്നത് . ഒരിക്കലും തളരില്ല എന്ന ലക്ഷ്യബോധമാണ് വെടിയുണ്ടകള്‍ക്ക് നടുവില്‍ നിന്ന് അവനെ യൂറോപ്യന്‍ ഫുട്‌ബോളിലെ വമ്പന്‍ ക്ലബ്ബുകളില്‍ എത്താന്‍ സഹായിച്ചത്. ചോര ചിന്തിയ പൂക്കാലത്തിന് തൊട്ട് മുമ്പ് കാലം തെറ്റിപൂത്ത പൂമരമായിരുന്നു ലൈീരിയയ്ക്ക് ജോര്‍ജ് വിയ എന്ന പഴയ എല്ലുന്തിയ പയ്യന്‍. എ.സി മിലാന്‍, ചെല്‍സി, പാരിസ് സെന്റ് ജെര്‍മെയ്ന്‍ തുടങ്ങി മുന്‍നിര കബ്ലുകളില്‍ കളിച്ച് ലോകം അറിയപ്പെടുന്ന താരമായി വിയ വളര്‍ന്നിരുന്നു. നാല് മാസമാണ് വിയയുടെ വരവും കാത്ത് ലൈീരിയ ഒരുങ്ങി നിന്നത്. ഫിഫയുടെ ലോകഫുട്‌ബോളര്‍ പദവി എന്ന അപൂര്‍വ സമ്മാനവുമായിട്ടാണ് അദ്ദേഹം നാട്ടിലെത്തിയത്. ആഭ്യന്തര യുദ്ധത്തിന് ശേഷം ലൈീരിയന്‍ ജനത ആദ്യമായി മതിമറന്ന് ആഘോഷിച്ച ദിനം. എല്ലാം നഷ്ടപ്പെട്ട ഒരു രാജ്യത്തെ ഫുട്‌ബോളിലൂടെ പ്രത്യാശയുടെ മൈതാനത്തേക്ക് വിയ കൈപിടിച്ചു നടത്തി. അദ്ദേഹത്തിന്റെ മത്സരമുള്ള ദിവസം ലൈബീരിയയിലെ കലാപങ്ങള്‍ ശമിക്കും. ജോര്‍ജ് വിയ ഇന്നവരുടെ പ്രസിഡന്റാണ്, യുദ്ധങ്ങള്‍ക്കെല്ലാം മാറ്റം വന്നിരിക്കുന്നു. ഒരാളുടെ ലക്ഷ്യബോധം മതി ഒരു രാജ്യത്തെ തന്നെ മാറ്റിക്കാന്‍. പുതുവര്‍ഷത്തില്‍ നല്ല ചിന്തകളും ശുഭാപ്തി വിശ്വാസമുള്ള ലക്ഷ്യബോധവും പ്രവൃത്തികളുമായി മുന്നേറാന്‍ എല്ലാവര്‍ക്കും സാധിക്കട്ടേ.


recent news

sport img
Fort Kochi Heritage Walk

St. Francis CSI Church: Kochi, India