
പാടത്ത് തളിരിട്ട സ്വപ്നങ്ങള്‍
അസാമില്‍ ബ്രഹ്മപുത്ര നദിക്കരയിലുള്ള നഗാവോനിലെ കൊയ്ത്ത് കഴിഞ്ഞ നെല്‍പ്പാടങ്ങളില്‍ കുട്ടികള്‍ ഫുട്ബോള്‍ കളിക്കുന്നത് പതിവാണ്. എക്കല്‍ മണ്ണു നിറഞ്ഞ ഇവിടെ വസിക്കുന്നവര്‍ ഭൂരിഭാഗവും കൂലിപ്പണിക്കാരാണ്. വലിയെ സ്വപ്നങ്ങളൊന്നുമില്ലാതെ കൃഷിപ്പണി ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരാണിവര്‍. നെല്‍പ്പാടങ്ങളില്‍ ആണ്‍കുട്ടികള്‍ക്കൊപ്പം കാല്പ്പന്തുകളിച്ചു നടന്ന ഒരു പെണ്‍കുട്ടി ഇന്ന് ഭാരതത്തിന്റെ അഭിമാനമാണ്. പി.ടി ഉഷ, മില്‍ഖാ സിംഗ് തുടങ്ങി ഇതിഹാസ ഇന്ത്യന്‍ അത്ലറ്റുകള് അരങ്ങുവാണ അത്ലറ്റിക് ട്രാക്കില്‍ നഗാവോനിലെ ഹിമ ദാസ് ഒരു വിസ്മയമാണ്.
വിജയത്തിന്റെ വെള്ളിവെളിച്ചത്തില്‍ നില്‍ക്കാനും ലക്ഷ്യങ്ങള്‍ സ്വന്തമാക്കാനും ജീവിത സാഹചര്യങ്ങളും പ്രതിസന്ധികളും ഒരു തടസമല്ലെന്ന് കാണിച്ചു തരുകയാണ് ലോകഅത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 400 മീറ്ററില്‍ സ്വര്‍ണ നേട്ടത്തോടെ ഹിമദാസ.് ലോക ചാമ്പ്യന്‍ഷിപ്പിന്റെ ട്രാക്കില്‍ നിന്ന് ഇന്ത്യയ്ക്ക് ലഭിക്കുന്ന ആദ്യ പൊന്നെന്ന ബഹുമതി കൂടി ഹിമയുടെ നേട്ടത്തിനുണ്ടെന്നറിയുമ്പോഴാണ് ഈ പതിനെട്ടുകാരിയുടെ അധ്വാനത്തിന്റെ മഹത്വം എന്തെന്നറിയുന്നത്. പ്രതിഭയും അധ്വാന മനോഭാവവും ഉള്ളവരെ ഭാഗ്യം കൈവിടില്ല. നഗാവോനിലെ ദരിദ്ര കുടുംബത്തില്‍ ആറു മക്കളില്‍ ഇളയവളായാണ് ഹിമദാസ് ജനിച്ചത്. ചെറുപ്പത്തിലെ പട്ടിണിയും പരിവട്ടങ്ങളുമൊന്നും അവളുടെ കായിക സ്വപ്നങ്ങളെ തളര്‍ത്തിയില്ല. കായിക പരിശീലകനായ നിപ്പോണ്‍ ദാസിനെ കണ്ടുമുട്ടിയതാണ് ജീവിതത്തില്‍ വഴിത്തിരിവായി. അവളുടെയുള്ളിലെ ഓട്ടക്കാരിയെ അദ്ദേഹം കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഹിമയുടെ ഗ്രാമത്തില്‍ നിന്നും 140 കിലോമീറ്റര്‍ അകലെയുള്ള ഗുവാഹത്തിയിലേക്കു മാറാന്‍ കോച്ച് ആവശ്യപ്പെട്ടെങ്കിലും ആദ്യമൊന്നും മാതാപിതാക്കള്‍ സമ്മതിച്ചില്ല. എന്നാല്‍ കാലം അവള്‍ക്കു മുന്നില്‍ വിജയപാത തുറന്നിട്ടിരുന്നു. ഫിന്‍ലന്‍ഡില്‍ സമാപിച്ച ലോക അത്ലറ്റിക് മീറ്റിലെ സ്വര്‍ണത്തിളക്കം വരെയെത്തി നില്ക്കുന്ന ഹിമയുടെ വിജയഗാഥകള്‍. ചരിത്രമെന്നും ആദ്യമെത്തിയവര്ക്കുള്ളതാണ്, അവരുടെ പേരുകള്‍ മാത്രമേ രേഖപ്പെടുത്തൂ. ഹിമ മത്സരിക്കുന്നത് തന്നോട് തന്നെയാണ് അതാണവളുടെ വിജയരഹസ്യമെന്ന് കോച്ച് പറയുന്നു. നമ്മള് ഓരോരുത്തരും നമ്മുടെ ഇല്ലായ്മകളോടും പ്രതിസന്ധികളോടുമാണ് മത്സരിക്കേണ്ടത്. എങ്കിലേ വരും തലമുറയ്ക്ക് വഴി വിളക്കും ആയിരങ്ങള്‍ക്ക് പ്രചോദനത്തിന്റെ പാതയും തുറന്നു കൊടുക്കാന്‍ സാധിക്കുകയുള്ളൂ. പ്രതിഭയെന്നത് ഒരു ശതമാനം പ്രചോദനവും 99 ശതമാനം അധ്വാനവുമാണെന്ന ഐന്‍സ്റ്റീനിന്റെ വാക്കുകള്‍ ഓരോരുത്തരുടെയും മനസില്‍ മുഴങ്ങട്ടേ.
St. Francis CSI Church: Kochi, India