news img

ലൂക്കായുടെ സുവിശേഷം

പിറന്ന മണ്ണും കൂരയും രക്തബന്ധങ്ങളും തുടങ്ങി സകലതും നഷ്ടപ്പെട്ട് രണ്ടരക്കോടിയിലധികം മനുഷ്യരാണ് ലോകത്ത് അഭയാര്‍ത്ഥികളായിട്ടുള്ളത്. ലോക ജനസംഖ്യയുടെ 2.12 ശതമാനവും അഭയാര്‍ത്ഥികളാണ്. പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും മനുഷ്യകോലങ്ങളാണ് ഓരോ അഭയാര്‍ത്ഥിയും. ലോകമിന്ന് ചര്‍ച്ച ചെയ്യുന്നതും ഒരു അഭയാര്‍ത്ഥിയെക്കുറിച്ചാണ്.

വഴിയില്‍ കുഴിച്ചിട്ട ബോംബുകള്‍ ചവിട്ടാതെ നടക്കുക എന്നത് ലൂക്ക മോഡ്രിച്ച് എന്ന ആറു വയസുകാരന് സാഹസികമായിരുന്നു. ബാല്‍ക്കന്‍ യുദ്ധത്തില്‍ സെര്‍ബിയന്‍ പട ക്രോയേഷ്യന്‍ ഗ്രാമങ്ങളില്‍ നരനായാട്ട് നടത്തുന്ന സമയമായിരുന്നു അത്. മുത്തച്ഛനെ പട്ടാളക്കാര്‍ കൊലപ്പെടുത്തുന്നത് കുഞ്ഞു ലൂക്കായ്ക്ക് കാണേണ്ടി വന്നു. ഇതേ തുടര്‍ന്ന് മരംകോച്ചുന്ന തണുപ്പിനെയും കുറ്റാക്കൂരിരുട്ടിനെയും വകഞ്ഞുമാറ്റി ജീവനും കൊണ്ട് ലൂക്കായുടെ കുടുംബം ക്രോയേഷ്യ വിട്ട് ഓടുമ്പോള്‍ ആകെയുള്ള കൂര പിന്നില്‍ എരിയുകയായിരുന്നു. ആ ഓട്ടം നിലച്ചത് 50 കിലോമീറ്റര്‍ അകലെയുള്ള സാദര്‍ എന്ന ഗ്രാമത്തില്‍. വെള്ളവും വെളിച്ചവുമില്ലാതെ ദിവസങ്ങളോളം കുഞ്ഞു ഷെഡില്‍ ആ കുടുംബം കഴിഞ്ഞു. നഷ്ടപ്പെടലിന്റെ വേദനകള്‍ക്കിടയിലും പട്ടിണിക്ക് കുറവൊന്നുമില്ലായിരുന്നു. ബാള്‍ക്കന്‍ യുദ്ധം മൂര്‍ധന്യാവസ്ഥയിലെത്തിയ കാലത്താണ് കുഞ്ഞു ലൂക്കാ ഫുട്‌ബോളുമായി ചങ്ങാത്തം കൂടുന്നത്. കാര്‍പാര്‍ക്കിംഗ് ഏരിയയില്‍ പന്തുതട്ടുക്കളിച്ച അവന്‍ വലിയ സ്വപ്‌നങ്ങള്‍ കണ്ടു തുടങ്ങി. എന്നാല്‍ അത് യാഥാര്‍ത്ഥ്യമാക്കുക എന്നത് നിസാരമല്ലായിരുന്നു. മെലിഞ്ഞ്, ഉയരം കുറഞ്ഞത്, നാണം കുണുങ്ങിയായ പയ്യന്‍ എങ്ങനെ ഫുട്‌ബോള്‍ കളിക്കാരനാകും ? അതു ഈ സാഹചര്യത്തില്‍ നിന്ന് ? കാലമാണ് ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയത്. 2018ലെ റഷ്യന്‍ ലോകകപ്പില്‍ ചരിത്രത്തിലാദ്യമായി ക്രോയേഷ്യയെ ഫൈനലിലെത്തിച്ചത് അവരുടെ ക്യാപ്ടനായ ലൂക്ക മോഡ്രിച്ച് എന്ന ആ പഴയ ആറു വയസുകാരനാണ് ! ലോകകപ്പിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടതിന് പുറമെ ഫിഫയുടെ കഴിഞ്ഞവര്‍ഷത്തെ മികച്ച താരത്തിനുള്ള പുരസ്‌കാരവും ആ പഴയ അഭയാര്‍ത്ഥിയെ തേടിയെത്തി. പ്രതിസന്ധികളെ നിഷ്‌കളങ്കമായ പുഞ്ചിരിയോടെ നേരിട്ടതു കൊണ്ടാണ് ലൂക്ക മോഡ്രിച്ചെന്ന താരം ലോകഫുട്‌ബോളിന്റെ വികാരമായി മാറിയത്.

പറക്കാന്‍ വേണ്ടത് ചിറകുകളല്ല, ഉയരം സ്വപ്‌നം കാണാനുള്ള മനസാണ് എന്ന സത്യമാണ് അദ്ദേഹത്തിന്റെ ജീവിതം നമ്മേ പഠിപ്പിക്കുന്നത്.


recent news

sport img
Fort Kochi Heritage Walk

St. Francis CSI Church: Kochi, India