
ചായക്കടയിലെ പത്മശ്രീ
രാജ്യം നിങ്ങള്‍ക്കു എന്തു നല്കി എന്നല്ല മറിച്ച് നിങ്ങള്‍ രാജ്യത്തിന് എന്തു നല്കി എന്നതാണ് പ്രധാനം. പ്രവൃത്തിയാണ് പ്രഥമം. അതില്‍ ആത്മാര്‍ത്ഥയും സത്യസന്ധതയുമുണ്ടെങ്കില്‍ അംഗീകാരങ്ങളും നന്മകളും തേടിയെത്തും. കട്ടക്കിലെ തന്റെ ചെറിയ ചായക്കടയിലിരിക്കുമ്പോഴാണ് ദേവരപ്പള്ളി പ്രകാശ് റാവു എന്ന വൃദ്ധന് ജനുവരിയിലെ ഒരു രാത്രിയില്‍ ഡല്‍ഹിയില്‍ നിന്നൊരു ഒരു ഫോണ്‍ കോള്‍ വന്നത്. കടയിലെ ജോലിയെല്ലാം കഴിഞ്ഞ് വിശ്രമിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം. രാജ്യത്തെ നാലാമത്തെ ഏറ്റവും വലിയ ബഹുമതിയായ പത്മശ്രീ ലഭിച്ചു എന്നായിരുന്നു സന്ദേശം.
പോരാട്ടത്തിനും സാമൂഹ്യസേവനത്തിനുമുള്ള അംഗീകാരമായിരുന്നു പ്രകാശ് റാവുവിന് ആ പത്മശ്രീ നിറവ്. കടുത്ത ദാരിദ്ര്യത്തെ തുടര്‍ന്ന് പത്താം ക്ലാസില്‍ പഠനം നിര്‍ത്തി അച്ഛന്റെയൊപ്പം ചായ കച്ചവടത്തിന് ഇറങ്ങിയതാണ് പ്രകാശ് റാവു. എന്നാല്‍ തോറ്റുകൊടുക്കാന്‍ അദ്ദേഹം തയ്യാറല്ലായിരുന്നു. സ്വന്തമായി എന്ന് ഭാഷകള്‍ പഠിക്കുകയും തെരുവിലെ ആയിരക്കണക്കിന് കുട്ടികളെ അക്ഷര ലോകത്തേയ്ക്ക് കൈപിടിച്ചുയര്‍ത്തുകയും ചെയ്ത ഈ മനുഷ്യന് തെരുവിലെ നൂറുകണക്കിന് കുഞ്ഞുങ്ങളെ ഊട്ടിക്കൊണ്ടിരിക്കുന്നു. ചായക്കടയില്‍ നിന്നു കിട്ടിയ തുച്ഛമായ വരുമാനം സ്വരുക്കൂട്ടി വച്ച് അദ്ദേഹം ഒരു സ്കൂള്‍ സ്ഥാപിച്ചു. അവിടെ പാവപ്പെട്ട കുട്ടികള്‍ക്ക് വിദ്യാഭ്യാസവും ഭക്ഷണവും സൗജന്യമായി നല്കുന്നു. രാജ്യത്തെ യുവതലമുറയ്ക്ക് ഈ പുരസ്കാരം പ്രചോദനമാകുമെന്നാണ് പ്രകാശ് റാവു കരുതുന്നത്.
വലിയ ആളുകളാകണമെന്ന് സ്വപ്നം കാണുന്നവരാണ് ഇന്നത്തെ തലമുറ. എന്നാല്‍ സ്വന്തം ഉത്തരവാദിത്വം ചെയ്യാന്‍ ആത്മാര്‍ത്ഥമായും സത്യസന്ധമായും പ്രയത്നിച്ചാല്‍ ഒരു ദിവസം ലോകം നമ്മളെ അംഗീകരിക്കും. ഇതിന് ഉത്തമ ഉദാഹരണമാണ് ദേവരപ്പള്ളി പ്രകാശ് റാവു എന്ന മനുഷ്യന്. തിരമാലകള്‍ പോലെ വരുന്ന പ്രതിസന്ധികളെ നെഞ്ചുവിരിച്ച് നേരിടുമ്പോഴാണ് ഒരാളിലേക്ക് അംഗീകാരവും മഹത്വവും വന്നു ചേരുന്നത്. നമ്മുടെ പ്രവൃത്തിയും ചിന്താഗതിയുമാണ് ഇതിലേക്ക് നയിക്കുന്നത്. വലിയ മനസുകള്‍ ആശയങ്ങള്‍ ചര്‍ച്ച ചെയ്യുന്നു, ശരാശരിക്കാര്‍ സംഭവങ്ങളും, ചെറിയ മനസിന്റെ ഉടമകള്‍ വ്യക്തികളെക്കുറിച്ച് മാത്രം ചിന്തിക്കുന്നു എന്നാണ് അമേരിക്കന്‍ കവയത്രി എലനോര്‍ റൂസ് വെല്‍റ്റിന്റെ വാക്കുകള്‍. നമുക്ക് ഓരോരുത്തര്‍ക്കും ചെയ്യാനാവുന്നത് എന്താണെന്ന് സ്വയം മനസിലാക്കുക. ആവുന്നത്ര ഭംഗിയായി ആവുന്നത്ര കാലം അതു ചെയ്യുക.
St. Francis CSI Church: Kochi, India