news img

ദ ലാസ്റ്റ് ഗേള്‍

നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണെന്നാണ് ആടുജീവിതത്തില്‍ ബെന്യാമിന്‍ ഓര്‍മപ്പെടുത്തുന്നത്. ചില ജീവിതങ്ങള്‍ അങ്ങനെയാണ് കെട്ടുക്കഥകളെക്കാള്‍ വിചിത്രമാണ്. ചുറ്റുമൊന്ന് കണ്ണോടിച്ചാല്‍ ഇത്തരം ജീവിതങ്ങള്‍ കാണാന്‍ സാധിക്കും. പിന്നെയിവര്‍ നമ്മുടെ മനസില്‍ നിന്ന് ഒരിക്കലും മായില്ല. എണ്ണപ്പാടത്തിന്റെ അക്ഷയ ഖനിയായ ഇറാഖ് ഭീകരവാദത്തിന്റെയും സംഘര്‍ഷങ്ങളുടെയും പേരിലാണ് ഈ കാലഘട്ടത്തില്‍ കുപ്രസിദ്ധി നേടിയത്. ഇതിനിടെ ഏറ്റവും കൂടുതല്‍ യാതനകള്‍ അനുഭവിച്ചത് യസീദി വംശജരാണ്. യസീദി വിശ്വാസം ഈ ഭൂമിയില്‍ നിന്നു തന്നെ തുടച്ചു നീക്കുമെന്നായിരുന്നു ഐ.എസിന്റെ പ്രതിജ്ഞ.

2014 ആഗസ്ത് 15ന് രാത്രി വടക്കന്‍ ഇറാഖിലെ സിന്‍ജാര്‍ പ്രവിശ്യയില്‍ സിറിയന്‍ അതിര്‍ത്തിക്കടുത്തുള്ള കൊച്ചോ ഗ്രാമം ആക്രമിച്ച ഐ എസ് ഭീകരര്‍ യസീദി വംശജരായ പുരുഷന്മാരെയും പ്രായമായ സ്ത്രീകളെയും കൊന്നൊടുക്കി മറ്റ് സ്ത്രീകളുമായി കടന്നു കളഞ്ഞു. അദ്ധ്യാപികയാവാന്‍ മോഹിച്ച ചരിത്ര വിദ്യാര്‍ത്ഥിനി നാദിയയും ആ കൂട്ടത്തിലുണ്ടായിരുന്നു. തന്റെ കൊച്ചു ഗ്രാമത്തില്‍ ഒരു ബ്യൂട്ടി സലൂണ്‍ ആരംഭിക്കണമെന്നത് അവളുടെ വലിയ ആഗ്രഹമായിരുന്നു. ഭീകരര്‍ തട്ടിക്കൊണ്ടു പോയി ലൈംഗിക അടിമകളാക്കപ്പെട്ട ആയിരക്കണക്കിന് സ്ത്രീകളില്‍ അവളും ഉള്‍പ്പെട്ടിരുന്നു. ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട നാദിയ മുറാദ് ആഗ്രഹിച്ചത് ഇത്തരം കൊടുംപീഡനങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന അവസാനത്തെ പെണ്‍കുട്ടിയായിരിക്കണേ ഞാന്‍ എന്നാണ്. ഭീകരരുടെ നിയന്ത്രണത്തിലായിരുന്ന മൊസൂളിലെ അടിമച്ചന്തയില്‍ വില്പനയ്ക്ക് വച്ച യുവതികളില്‍ നിന്ന് നാദിയയെ വാങ്ങിയത് ഭീകര സംഘത്തിലെ ഒരു ജഡ്ജിയായിരുന്നു. അയാളുടെ നിരന്തര ബലാത്സംഗത്തിനിരയായ അവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴൊക്കേ പിടിക്കപ്പെട്ടു. അവളെ തന്റെ ശിങ്കടികള്‍ക്ക് എറിഞ്ഞു കൊടുക്കുകയായിരുന്നു ജഡ്ജി തീരുമാനിച്ച ശിക്ഷ. നിരവധി പേര്‍ മാറി മാറി ബലാത്സംഗം ചെയ്തു. അങ്ങനെ മൂന്ന് മാസത്തോളം പലതവണ കൈമാറപ്പെട്ട്, പലരുടെ പീഡനങ്ങള്‍ക്കൊടുവില്‍ അവസാനത്തെ ഉടമയുടെ അടുത്തെത്തി. കുളിച്ചൊരുങ്ങാന്‍ പറഞ്ഞ ഉടമയോടയുടെ കണ്ണുവെട്ടിച്ച് ഓടിപ്പോകുമ്പോള്‍ ഒരു വെടിയുണ്ടയില്‍ തീരാവുന്ന ജീവിതമാണ് തന്റേതെന്ന് നാദിയ ചിന്തിച്ചിരുന്നില്ല. നിരന്തര പീഡനങ്ങള്‍ ഏറ്റുവാങ്ങി ശരീരം തകര്‍ന്നപ്പോഴും അതിന്റെയുള്ളില്‍ തിരികെടാതൊരു മനസുണ്ടായിരുന്നു. അയലത്തെ സുന്നി മുസ്ലീം കുടുംബത്തിന്റെ സഹായത്തോടെ കുര്‍ദിസ്ഥാനിലെ യസീദികള്‍ക്കായുള്ള ക്യാമ്പിലെത്തിയ നാദിയ തന്റെ അമ്മയും ആറ് സഹോദരന്മാരും കൊല്ലപ്പെട്ടത് അവിടെ വച്ചാണെന്ന സത്യമറിഞ്ഞു. അവിടെ നിന്ന് ജര്‍മനിയില്‍ സഹോദരിയുടെ അടുത്തെത്തിയ ശേഷമാണ് തനിക്കും തന്റെ വംശത്തിനുമുണ്ടായ ദുരന്തം ലോകത്തോട് പറയാന്‍ നാദിയ തീരുമാനിച്ചത്.

ബി.ബി.സിയുടെ ഹാര്‍ഡ് ടോക്കിലാണ് താനടക്കമുള്ള യസീദികള്‍ അനുഭവിച്ച പീഡനങ്ങള്‍ ലോകത്തോട് വിളിച്ചു പറഞ്ഞത്. തീവ്രവാദികളുടെ പിടിയിലായിക്കഴിഞ്ഞോ രക്ഷപ്പെട്ടതിന് ശേഷമോ ആത്മഹത്യയെക്കുറിച്ച് ഒരിക്കല്‍ പോലും ചിന്തിച്ചിരുന്നില്ലെന്ന് നാദിയ പറയുന്നു. ഇതുവരെയേറ്റ പീഡനങ്ങളുടെ കാഠിന്യം ആത്മഹത്യയെ സാധൂകരിക്കുമെങ്കില്‍ പലവട്ടം താന്‍ ആത്മഹത്യ ചെയ്തുവെന്ന് നാദിയ പറയുന്നു. 2015ല്‍ ഐക്യരാഷ്ട്രസഭാ വേദിയില്‍ ലോകനേതാക്കളുടെ മുന്നിലും തുടര്‍ന്ന് മറ്റ് നിരവധി വേദികളിലും നാദിയ തന്റെ ദുരനുഭവങ്ങള്‍ പങ്കുവച്ചു. ക്രിസ്തുമതത്തിന്റെയും ഇസ്ലാം മതത്തിന്റെയും സൊരാഷ്ട്രീയ വിശ്വാസത്തിന്റെയും അംശങ്ങള്‍ ഒരുമിപ്പിച്ചിട്ടുള്ള യസീദിയ വിശ്വാസം പലര്‍ക്കും കല്ലുകടിയായിരുന്നു. നൂറ്റാണ്ടുകളുടെ പീഡന ചരിത്രമാണ് അവര്‍ക്കുള്ളത്.

തങ്ങള്‍ക്ക് മടങ്ങിപ്പോവാന്‍ ഇടമില്ലാതായിരിക്കുന്നു എന്ന് അവള്‍ ലോകത്തോട് ഉറക്കെ വിളിച്ചു പറഞ്ഞു. ഇറാഖിലെ സിന്‍ജാര്‍ മലനിരകളില്‍ താമസിക്കുന്ന യസീദി വംശത്തില്‍ പിറന്ന നാദിയ 21-ാം വയസിലാണ് ഭീകരുടെ പിടിയിലാകുന്നത്. ഇറാഖിലെങ്ങോ ഐ.എസ് ഉണ്ടെല്ലാതെ അതു എന്താണെന്നു പോലും യസീദികള്‍ക്ക് അറിയില്ലായിരുന്നു. അവിടെ നിന്നാണ് ഭീകരര്‍ അവരെ തട്ടിക്കൊണ്ടു പോയത്. ഭീകരരുടെ തടവില്‍ താന്‍ അനുഭവിച്ച ദുരിത ജീവിതം രേഖപ്പെടുത്തിയ നാദിയയുടെ ഓര്‍മക്കുറിപ്പുകളായ 'ദി ലാസ്റ്റ് ഗേള്‍: മൈ സ്‌റ്റോറി ഓഫ് കാപ്റ്റിവിറ്റി ആന്‍ഡ് മൈ ഫൈറ്റ് എഗെയ്ന്‍സ്റ്റ് ദി ഇസ്ലാമിക് സ്‌റ്റേറ്റ്' പുസ്തകം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഓരോ തവണ താനനുഭവിച്ചവ ഓര്‍ത്തെടുക്കുമ്പോഴുണ്ടാകുന്ന മനോവേദനയെ നിശ്ചയ ദാര്‍ഢ്യത്തില്‍ അവള്‍ മറികടന്നു. നിശബ്ദയായിരിക്കാന്‍ നാദിയ തയ്യാറല്ലായിരുന്നു. ഇരയാക്കപ്പെട്ട ഓരോ യസീദിയുടെയും ശബ്ദമായി മാറുകയാണ് അവള്‍. തടവിലാക്കപ്പെട്ടവര്‍ ജീവിതത്തിലേക്ക് മടങ്ങുമ്പോള്‍, സമുദായത്തിന് സമൂഹത്തിലൊരു സ്ഥാനം ലഭിക്കുമ്പോള്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമ്പോള്‍ മാത്രമേ ഞാന്‍ എന്റെ ജീവിതത്തിലേക്ക് മടങ്ങൂ എന്നാണ് നാദിയയുടെ നിലപാട്. യുദ്ധങ്ങളിലും കലാപങ്ങളിലും സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ നടത്തിവരുന്ന പോരാട്ടങ്ങള്‍ക്കുള്ള അംഗീകാരമായാണ് ഇക്കൊല്ലത്തെ സമാധാന നൊബേല്‍ പുരസ്‌കാരം. മലാല യൂസഫ് സായിക്ക് ശേഷം നൊബേല്‍ സമ്മാനം നേടുന്ന പ്രായം കുറഞ്ഞ വ്യക്തിയാണ് നാദിയ മുറാദ്.


recent news

sport img
Fort Kochi Heritage Walk

St. Francis CSI Church: Kochi, India