news img

സന്ദേശം പോലൊരു വിജയഗാഥ

സോഷ്യല്‍ മീഡിയയില്‍ കണ്ണോടിക്കാതെ ഒരു നിമിഷം ഇരിക്കാന്‍ പറ്റില്ലെന്ന അവസ്ഥയായി അല്ലേ ? ഫേസ്ബുക്കും വാട്‌സ് ആപും അടക്കമുള്ള സമൂഹമാധ്യമങ്ങള്‍ നമ്മുടെ ജീവിതത്തില്‍ അത്രമാത്രം സ്വാധീനം ചെലുത്തിക്കഴിഞ്ഞു. ഇന്ന് നാം കാണുന്ന ഈ പ്രസ്ഥാനങ്ങളുടെയെല്ലാം വിജയത്തിന് പിന്നില്‍ കണ്ണീരുപ്പ് കലര്‍ന്ന അതിജീവനത്തിന്റെ കഥയുണ്ട്. ഉക്രെയിനിലെ ഉള്‍ഗ്രാമത്തില്‍ കൊടിയ ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടിലാണ് ജാന്‍ കോം എ കുട്ടി ജനിച്ചത്. വൈദ്യുതി പോലുമില്ലാത്ത വീട്ടില്‍ അതിശൈത്യത്തെ അതിജീവിച്ച് വളര്‍ന്ന ജാനും അമ്മയും മുത്തശ്ശിയും അമേരിക്കയിലേക്ക് കുടിയേറി.എന്നാല്‍ ജാനിന്റെ പിതാവിന് അവരോടൊപ്പം പോകാന്‍ സാധിച്ചില്ല.അമേരിക്കയിലെ സാമൂഹിക സഹായ പദ്ധതിയുടെ ഭാഗമായി കാലിഫോര്‍ണിയയിലെ മൗണ്ടന്‍ വ്യൂവില്‍ അവര്‍ക്ക് ഒരു ചെറിയ പാര്‍പ്പിടം ലഭ്യമായി.കുടുംബം പുലര്‍ത്താനായി മാതാവ് കുട്ടികളെ നോക്കുന്ന ജോലിയ്ക്ക് പോയി തുടങ്ങി. ജാന്‍കോമിനാവട്ടെ ഒരു പലവ്യഞ്ജന കടയില്‍ തറവൃത്തിയാക്കുന്ന പണിയും തരപ്പെട്ടു. പതിനാറ് വയസായിരുന്നു അവന് അന്ന് പ്രായം.മറ്റു കുട്ടികളെല്ലാം സ്‌കൂളില്‍ പോകുന്ന സമയത്താണ് ജാന്‍ തറവൃത്തിയാക്കി കൊണ്ടിരുന്നത്.

പ്രതിസന്ധികളെയും വെല്ലുവിളികളെയും അതിജീവിച്ചവരാണ് മഹാവിജയങ്ങള്‍ സ്വന്തമാക്കിയിട്ടുള്ളത്. പതിനെട്ടാമത്തെ വയസില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ്ങില്‍ താല്‍പര്യം ജനിച്ച ജാന്‍ പഴയ പുസ്തകങ്ങള്‍ വില്‍ക്കുന്ന കടകളെ ആശ്രയിച്ച് സ്വയം പഠിച്ചു.പിന്നീട് സാന്‍ജോസ് സ്റ്റേറ്റ് സര്‍വകലാശാലയില്‍ ചേര്‍ന്ന് പഠിച്ചു.പഠനത്തിനിടയില്‍ ഏണസ്റ്റ് ആന്‍ഡ് യങ് എന്ന കമ്പനിയില്‍ സെക്യൂരിറ്റി ടെസ്റ്ററുടെ ജോലിയും ചെയ്തു. 1997 ല്‍ ആറുമാസത്തിനുശേഷം യാഹുവില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്‍ജിനിയറായി ജോലിയില്‍ പ്രവേശിച്ച ജാന്‍ അവിടെ ഒന്‍പതു വര്‍ഷം തുടര്‍ന്നു.ഇതിനിടെ പഠനം ഉപേക്ഷിച്ചു.എന്നാല്‍ യാഹുവില്‍ സഹപ്രവര്‍ത്തകനായിരുന്ന ബ്രയാന്‍ ആക്ടനുമായുണ്ടായിരുന്ന സൗഹൃദം സോഫ്റ്റ് വെയര്‍ സംബന്ധമായ പുതിയ കാര്യങ്ങള്‍ പഠിക്കാനും ചര്‍ച്ചചെയ്യാനും വഴിയൊരുക്കി. ഇതാണ് ജാന്‍കോമിന്റെ തലവര തന്നെ മാറ്റിമറിച്ചത്.

ജീവിതത്തില്‍ ഇന്ന് എന്തെങ്കിലുമൊക്കെ ആയിട്ടുള്ളവര്‍ എല്ലാം തന്നെ കഠിനമായ വഴികളിലൂടെയും കനല്‍കട്ടകളിലൂടെയുമെല്ലാം ചവിട്ടി നടന്നിട്ടുള്ളവര്‍ തന്നെയാണ്. അത്തരത്തില്‍ ഉള്ളവരാണ് പിന്നീട് അറിയപ്പെട്ടിട്ടുള്ളത്.120 കോടിയില്‍ പരം ആളുകള്‍ ഉപയോഗിക്കുന്ന വാട്‌സ് ആപിന്റെ സഹ സ്ഥാപകന്‍ എറിയുമ്പോഴാണ് ജാന്‍ കോമിനെ പോരാട്ടത്തിന്റെയും ലക്ഷ്യബോധത്തിന്റെയും വില മനസിലാകുന്നത്.ഇന്ന് ലോകം അറിയുന്ന കോടീശ്വരനാക്കിയത് ജീവിതത്തില്‍ നേരിടേണ്ടിവന്ന തിക്താനുഭവങ്ങളാണ്. നേടിയെടുക്കണം എന്നുള്ള വാശിയും അദ്ദേഹത്തിനുണ്ടായിരുന്നു. ബ്രയാന്‍ ആക്ടണുമായി ചേര്‍ന്ന് 2009ലാണ് വാട്‌സ് ആപ് എന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിന് രൂപം നല്‍കിയത്. കാന്‍സര്‍ ബാധിച്ച് മാതാവ് മരിച്ചതിനെ തുടര്‍ന്നുണ്ടായ മന:സംഘര്‍ഷത്തില്‍ നിന്നും മോചിതമാകുവാന്‍ ബ്രയാനുമായുളള സൗഹൃദം ജാനിന് സഹായകമായി. യാഹുവിലെ ജോലി ഉപേക്ഷിച്ചതിനുശേഷം ഫേസ്ബുക്കില്‍ ജോലിക്കായി ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. തന്റെ ജീവിതത്തിലെ മാറ്റങ്ങള്‍ക്കെല്ലാം കാരണം 2009 ല്‍ ജാന്‍ വാങ്ങിയ ഐഫോണ്‍ ആയിരുന്നു. അത് അദ്ദേഹത്തിന്റെ ജീവിതമാകെ മാറ്റിമറിച്ചു.ഫോണില്‍ കോളുകള്‍ മിസ് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ പരിഹാരം തേടിയുള്ള ചിന്തയില്‍ നിന്നാണ് വാട്‌സ് ആപ് എന്ന ആശയം ഉരിത്തിരിഞ്ഞത്. ഐഫോണിലെ ആപ്ലിക്കേഷന്‍ സോഫ്റ്റുവെയറുകള്‍ സൃഷ്ടിച്ച് വിപണനം ചെയ്യുന്നതിലെ സാധ്യത മനസ്സിലാക്കി. മനസിലൂടെ മിന്നിമറിഞ്ഞ വാട്‌സ് ആപ് എന്ന ആശയം തന്റെ ജന്മദിനമായ ഫെബ്രുവരി 24 ന് തുടക്കം കുറിച്ചു.2009 ഓഗസ്റ്റ്മാസം വരെ വന്‍ പ്രതിസന്ധിയിലും കടക്കെണിയിലുമായ വന്‍ സംരംഭത്തിന് ഉണര്‍ത്തെണീല്‍പ്പുനല്‍കിക്കൊണ്ട് സുഹൃത്ത് ബ്രയാനും കൂടെ ചേര്‍ന്നു. വച്ചടിവച്ചടി കയറ്റമായിരുന്നു പിന്നീട്. 2012 ല്‍ ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗുമായി സൗഹൃദത്തിലായി. 2014 ഫെബ്രുവരിയില്‍ ടെക്‌നോളജി രംഗത്തെ ഏറ്റവും വലിയ ഏറ്റെടുക്കല്‍ ഫേസ്ബുക്ക് നടത്തി. 1900 കോടി ഡോളറി (1.2 ലക്ഷം കോടി) നാണ് വാട്‌സ് ആപ് ഫേസ്ബുക്കിന് കൈമാറിയത്. ജാന്‍ കോം ഫേസ്ബുക്കില്‍ ഒരു ഡയറക്ടര്‍ സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു. അതിസമ്പന്നനായി മാറിയ ജാന്‍ നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി കൈ അയച്ച് സംഭാവനകള്‍ നല്‍കി. 2014ല്‍ അമേരിക്കയിലെ ധനികന്‍മാരുടെ പട്ടികയില്‍ 62-ാം സ്ഥാനത്ത് എത്താനും സാധിച്ചു.

ഒരിക്കല്‍ തന്നെ തിരസ്‌ക്കരിച്ച ഫേസ്ബുക്കിന്റെ അമരത്തേക്ക് ജാന്‍ കോമിന് എത്താനായത് സ്വപ്രയത്‌നവും ബ്രയാന്‍ ആക്ടഎന്ന സൗഹൃദം നല്‍കിയ പിന്തുണയും കൊണ്ടാണ്. ഒരിക്കല്‍ സ്വന്തമായി ഫോണോ കമ്പ്യൂട്ടറോ മറ്റ് ആശയവിനിമയ ഉപാധികളോ സ്വന്തമായി ഇല്ലാതിരുന്ന ജാന്‍ കോം പിന്നീട് കോടാനുകോടി ആളുകള്‍ക്ക് ദിവസേന ലളിതമായി ആശയവിനിമയം നടത്താന്‍ കാരണക്കാരനായി. കോളുകള്‍ നഷ്ടപ്പെടരുതെന്ന ചിന്തമാത്രമാണ് വാട്‌സ് ആപ് വികസിപ്പിക്കാന്‍ കാരണമായതെന്നും കമ്പനി തുടങ്ങാന്‍ ഉദ്ദേശമില്ലായിരുന്നെന്നും ജാന്‍ കോം പറയുന്നു.ജിമ്മില്‍ പോകുന്ന സമയത്ത് ധാരാളം കോളുകള്‍ മിസ് ആകുന്നത് വളരെ അസ്വസ്ഥതയുണ്ടാക്കി ഇതെക്കുറിച്ച് അദ്ദേഹം സിലിക്ക വാലിയിലെ കമ്പ്യൂട്ടര്‍ ചരിത്ര മ്യൂസിയത്തില്‍ നടന്ന ചടങ്ങില്‍പറഞ്ഞു. ജാന്‍ കോമും ബ്രയാന്‍ ആക്ഷനും ചേര്‍ന്ന് ആദ്യം ഉണ്ടാക്കിയ ആപ്പ് ലളിതമായിരുന്നു.ആപ് ഉപയോഗിക്കുന്നയാള്‍ ഫോണില്‍ ലഭ്യമാണോ എന്ന് സുഹൃത്തുക്കള്‍ക്ക് മനാസിലാകുന്ന ഒണ്‍ സ്റ്റാറ്റസ് എന്ന ഫീച്ചര്‍ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയത്. ജനങ്ങള്‍ ഉപയോഗിക്കുന്ന ഉല്‍പന്നം ഉണ്ടാക്കുകയായിരുന്നു ലക്ഷ്യം. ആപ്പിളിന്റെ ആപ് സ്റ്റോറില്‍ അത് സ്വീകരിക്കപ്പെട്ടെങ്കിലും തല്‍ക്ഷണ വിജയമൊന്നുമായിരുന്നില്ല. ആപ് അവതരിപ്പിച്ചപ്പോള്‍ ആവേശമായിരുന്നു. ആരും അത് ഉപയോഗിക്കാന്‍ തയ്യാറാകാതിരുന്നപ്പോള്‍ നിരാശയുണ്ടായി, പക്ഷെ ആ അവസ്ഥ പെട്ടെന്ന് മാറി. 2014 ആയപ്പോഴേക്കും വാട്‌സ് ആപിന് 40 കോടി ഉപയോക്താക്കളായി. അനായാസം ഉപയോഗിക്കാമെന്ന ഗുണവും ലളിതമായ ഡിസൈനും ആപിനെ ജനപ്രിയമാക്കി അങ്ങനെയാണ് ഫെയ്‌സ്ബുക്ക് വാട്‌സാപ്പിന് വിലപറഞ്ഞത്. ആ കച്ചവടത്തെക്കുറിച്ചൊന്നും ഇപ്പോള്‍ ഓര്‍ക്കുന്നില്ലൊണ് ജാന്‍ കോം പറയുന്നത്. ജാന്‍കോമിന് തന്റെ ഉയര്‍ച്ച വിശ്വസിക്കാവുന്നതിലും അപ്പുറമായിരുന്നു. ജീവിതത്തില്‍ കൈയ്‌പ്പേറിയ അനുഭവങ്ങള്‍ ഉണ്ടായിട്ടും അവയൊന്നും അദ്ദേഹത്തെ ബാധിച്ചില്ല. പ്രതിബന്ധങ്ങള്‍ എല്ലാം അദ്ദേഹം ഒരു വെല്ലുവിളിയായി കണ്ട് മുന്നേറി. തന്നെ തിരസ്‌ക്കരിച്ചവരോടുള്ള മറുപടി കൂടിയാണ് ഫേസ്ബുക്കിന്റെ അമരക്കാരനായി തനിക്ക് എത്താന്‍ സാധിച്ചതെന്നാണ് ജാന്‍ കോം പറയുന്നത്. സുഹൃത്തുക്കള്‍ എന്നും നമുക്ക് നല്ല വഴികാട്ടികള്‍ ആണ്. പരസ്പര വിശ്വാസവും ഏതു പ്രതിസന്ധിയും നേരിടാനുള്ള മനോധൈര്യവുമുണ്ടെങ്കില്‍ ആര്‍ക്കും എവിടെയും എത്താം. തേടിയെത്തു അവസരങ്ങളെ എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്നതിന് അനുസരിച്ചായിരിക്കും നിങ്ങളുടെ വിജയം. അവരെയാണ് ചരിത്രത്തിന്റെ താളുകളില്‍ കാണാന്‍ സാധിക്കുക.


recent news

sport img
Fort Kochi Heritage Walk

St. Francis CSI Church: Kochi, India