
മാളവിക പ്രചോദനത്തിന്റെ മറുവാക്ക്
കൈത്തണ്ടയില്‍ റബര്‍ബാന്‍ഡിട്ടു കെട്ടിയ പേനകൊണ്ട് മാളവിക അയ്യര്‍ എഴുതിയത് പ്രചോദനത്തിന്റെ ജീവിത പാഠങ്ങളാണ്. മോഡലുകള്‍ തോല്‍ക്കുന്ന സൗന്ദര്യം, ആത്മവിശ്വാസം, അപാരബുദ്ധി !! മാളവികയെ ആദ്യമായിട്ട് കാണുന്നയാള്‍ക്ക് അവളുടെ കുറവുകളെ പ്രത്യക്ഷത്തില്‍ പെട്ടന്നറിയാന്‍ സാധിക്കില്ല. ഇരുകൈപ്പത്തികളുമില്ലാതെ പഠിച്ച് ഡോക്ടറേറ്റ് നേടിയാണ് മാളവിക വിസ്മയമായത്. സാമൂഹിക പ്രവര്‍ത്തക, മോഡല്‍, അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന മോട്ടിവേഷണല്‍ സ്പീക്കര്‍, ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ക്കായി പോരാടുന്നവള്‍, പാചക കലാകാരി എന്നിങ്ങനെ മാളവിക കൈയൊപ്പ് ചാര്‍ത്താത്ത മേഖലകള്‍ കുറവാണ്. വൈകല്യങ്ങളില്‍ ആഗ്രഹങ്ങളെ തളച്ചിടാനാകാതെ കഠിനാധ്വാനത്തിലൂടെ ഉയരങ്ങള്‍ കീഴടക്കിയ ഡോ.മാളവിക അയ്യര്‍ പ്രചോദനത്തിന്റെ പെണ്‍കരുത്താണ്.
കാലം ഓരോരുത്തര്‍ക്കായി കരുതിവച്ചിരിക്കുന്നത് എന്താണ് എന്നതിനെക്കുറിച്ച് ആര്‍ക്കും ഒരുനിശ്ചയമില്ല. ജീവിതത്തിലെ അപ്രതീക്ഷിത തിരിച്ചടികള്‍ നാം അഭിമുഖീകരിക്കേണ്ടി വരുക തന്നെ ചെയ്യും. നിറമുള്ള സ്വപ്നങ്ങളും കളിചിരികളുമായിട്ട് ഉല്ലസിച്ച് നടക്കേണ്ട പതിമൂന്നാം വയസിലാണ് ഗ്രനേഡ് പൊട്ടിത്തെറിച്ച് മാളവികയുടെ കൈപ്പത്തികള്‍ അറ്റുപോയത്. ജീവിതവും വിദ്യാഭ്യാസവും വഴിമുട്ടുമെന്ന ഘട്ടത്തില്‍ ഈ പെണ്‍കുട്ടി തളര്‍ന്നില്ല. വൈകല്യം അവള്‍ക്കു പകര്‍ന്നു നല്‍കിയത് മനക്കരുത്തും മുന്നോട്ടു ജീവിക്കുവാനുള്ള ധൈര്യവുമായിരുന്നു. കാഴ്ചയില്‍ മറ്റുള്ളവരെ ദുഖിപ്പിക്കുമെങ്കിലും വിധിയുടെ പ്രഹരത്തില്‍ അവള് തളര്‍ന്നു പിന്മാറിയില്ല.
തമിഴ്നാട്ടിലെ കുഭകോണത്തായിരുന്നു മാളവിക ജനിച്ചത്. മാതാപിതാക്കള്‍ക്കൊപ്പം രാജസ്ഥാനിലെ ബീക്കാനിറില് താമസിക്കുമ്പോഴാണ് ജീവിതം തന്നെ മാറ്റിമറിച്ച അപകടമുണ്ടായത്. 2002ല്‍ നിലത്തുകിടന്ന വസ്തുവിനെ കൗതുകത്തോടെ കയ്യില്‍ എടുത്തു. അതു ഗ്രനേഡായിരുന്നുവെന്ന് മാളവിക അറിഞ്ഞിരുന്നില്ല. നിമിഷ നേരം കൊണ്ടു തന്നെ ഗ്രനേഡ് പൊട്ടിത്തെറിച്ച് ഇരു കൈകളും അറ്റുപോവുകയും, ഞരമ്പുകള്‍ക്ക് ഗുരുതരമായി ക്ഷതമേല്‍ക്കുകയും ചെയ്തു. അപകടത്തെതുടര്‍ന്ന് രണ്ടുവര്‍ഷത്തോളം ചികിത്സയിലായിരുന്നു. മുറിവുണങ്ങും മുമ്പേ വന്നത് പത്താം ക്ലാസ് പരീക്ഷയായിരുന്നു. മറ്റൊരാളുടെ സഹായത്തോടെ പ്രൈവറ്റായിട്ടായിരുന്നു പരീക്ഷ എഴുതിയത്. ഫലം വന്നപ്പോള്‍ ഏവരെയും അമ്പരിപ്പിച്ച് മാളവികയ്ക്ക് ഒന്നാം റാങ്ക് !! വൈകല്യത്തെ നെഞ്ചുവിരിച്ച് നേരിടാന്‍ മാളവികയ്ക്ക് ധൈര്യം ലഭിച്ചത് അവിടെ നിന്നായിരുന്നു. വിധിക്കുമുന്നില്‍ തോറ്റുകൊടുക്കാന്‍ മാളവിക ഒട്ടും തയ്യാറായിരുന്നില്ല. ഉപരിപഠനത്തിനായി ഡല്‍ഹിയിലെത്തി സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടി. തുടര്‍ന്ന് സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദവും, എം ഫിലും നേടി. '' സിഗ്മെറ്റൈസേഷന് ഓഫ് പീപ്പിള്‍ വിത് ഡിസ്എബിലിറ്റീസ് ''എന്ന വിഷയത്തിലായിരുന്നു പി.എച്ച്.ഡി ചെയ്തത്. അതിനിടെ ഫാഷന്‍ ഷോകളില്‍ ഷോസ്റ്റോപ്പറായും മാളവിക തിളങ്ങി.
നോര്‍വേ, ഇന്തോനേഷ്യ, സൗത്ത് ആഫ്രിക്ക തുടങ്ങി ഒട്ടേറെ രാജ്യങ്ങളില്‍ മോട്ടിവേഷണല്‍ സ്പീക്കറായും മാളവിക പര്യടനം നടത്തിയിട്ടുണ്ട്. ഏഴുവര്‍ഷം അടുത്തറിയുന്നയാളെയാണ് മാളവിക വിവാഹം ചെയ്തത്. ചെറിയൊരു പ്രതിബന്ധങ്ങള്‍ മുന്നില്‍ പ്രത്യക്ഷപ്പെടുമ്പോഴേക്കും ഇനിയങ്ങോട്ടെന്ത് എന്ന ഭീതിയോടെ സമീപിക്കുന്നവര്‍ക്കെല്ലാം മാതൃകയാണ് മാളവിക. വൈകല്യങ്ങളൊന്നും വിജയങ്ങള്‍ കൊയ്യാന്‍ തടസമല്ലെന്ന നഗ്നസത്യത്തോടൊപ്പം ആത്മാര്‍ത്ഥതയോടെ കാര്യങ്ങളെ സമീപിച്ചാല്‍ വിജയം സുനിശ്ചിതമാണെന്ന ചിന്താഗതിയുമാണ് മാളവിക ലോകത്തിന് പകര്‍ന്നു നല്‍കുന്നത്.
St. Francis CSI Church: Kochi, India