
ഒറ്റക്കൈ വിപ്ലവം
പാളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്...!! എന്നാല്‍ നതാലിയ പാര്ടികയെക്കുറിച്ച് പറയാതിരിക്കാനാവില്ല. കൈക്കരുത്തിന്റെ കളിക്കളമായ ടേബിള്‍ ടെന്നിസില്‍ ഒറ്റക്കൈ കൊണ്ട് വിജയക്കൊടി പാറിച്ച് ലക്ഷക്കണക്കിനാളുകള്‍ക്ക് പ്രചോദനത്തിന്റെ തിരിനാളമാണ് ഈ പോളിഷുകാരി. ജന്മനാ വലം കൈയില്ലാതെയാണ് നതാലിയ ജനിച്ചത്. വൈകല്യത്തെ അതിന്റെ വഴിക്കു വിടാന്‍ അവള്‍ക്കു താല്‍പ്പര്യമില്ലായിരുന്നു. ഏഴാം വയസില്‍ ഇടം കൈയില്‍ ടേബിള്‍ ടെന്നീസ് റാക്കേറ്റുമേന്തി തന്റെ വലിയ സ്വപ്നത്തിന്റെ ആകാശത്തേയ്ക്ക് ചിറകടിച്ചു.
ആളിക്കത്തുന്ന ആഗ്രഹവും കൃത്യമായ ലക്ഷ്യവും അധ്വാനിക്കാനുള്ള മനസുമുണ്ടെങ്കില്‍ ഏതൊരു പ്രതിസന്ധിയും തടസമല്ലെന്ന് അവള് ഉറച്ചു വിശ്വസിച്ചു. പതിനൊന്നാം വയസില്‍ നതാലിയയെ തേടി ആദ്യമെഡലെത്തി. ഭിന്നശേഷിയുള്ളവരുടെ ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയതോടെ രണ്ടായിരത്തിലെ സിഡ്നി പാരലിമ്പിക്സിലേക്ക് സെലക്ഷന് ലഭിച്ചു. പാരലിമ്പിക്സില്‍ യോഗ്യത ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ബഹുമതിയും ഈ മിടുക്കിയെ തേടിയെത്തി. 2004ല്‍ ഏതന്‍സ് പാരലിമ്പിക്സില്‍ തുടങ്ങിയ സ്വര്‍ണവേട്ട 2016ല്‍ റിയോ വരെ എത്തി നില്ക്കുന്നു. അഞ്ച് സ്വര്‍ണവും ഓരോന്ന് വീതം വെള്ളി, വെങ്കലം എന്നിവയാണ് ഇരുപത്തിയെട്ടുകാരിയായ നതാലിയയുടെ സമ്പാദ്യം !! കൊറിയ, ചൈനീസ്, തായ്ലന്ഡ് താരങ്ങള്‍ അരങ്ങുവാഴുന്ന ടേബിള്‍ ടെന്നീസ് കോര്‍ട്ടില്‍ വൈകല്യത്തെ കഠിനാധ്വാനവും ഇച്ഛാശക്തിയും കൊണ്ട് മറികടന്ന നതാലിയ പ്രചോദനത്തിന്റെ റഫറന്‍സ് ഗ്രന്ഥമാണ്. ആളിക്കത്തുന്ന ലക്ഷ്യബോധത്തെ കെടുത്താന്‍ കുറവുകള്‍ക്ക് സാധിക്കില്ലെന്ന് ലോകത്തോട് ഉറക്കെയുറക്കെ വിളിച്ചു പറയുകയാണ് നതാലിയയെ പോലുള്ളവര്‍. കാഴ്ച ശക്തിയില്ലാത്ത എറിക് മേയര്‍ എവറസ്റ്റ് കീഴടക്കിയത് ഉള്‍കാഴ്ച കൊണ്ടാണ്. ലോകത്തെ ഏക്കാലത്തെയും മികച്ച ഷൂട്ടര്‍മാരിലൊരാളായ ഹംഗറിയുടെ കരോളി ടാക്കക്സ് ഒറ്റകൈയ്യനായിരുന്നു. മനസിന്റെ ആഗ്രങ്ങളെ വൈകല്യത്തില്‍ തളച്ചിടാതെ ഊര്‍ജമാക്കി മാറ്റിയാല്‍ ലക്ഷ്യം ഏതു തന്നെയായാലും നേടാന്‍ സാധിക്കും. കൃത്യമായ ലക്ഷ്യം മനസില്‍ കുറിക്കുകയാണ് വിജയത്തിലേക്കുള്ള പാതയുടെ ആദ്യ ചവിട്ടുപടി. ആയിരം മൈലുകള്‍ താണ്ടാനും ആദ്യം വയ്ക്കേണ്ടത് ഒരു ചുവടാണ് എന്നാണ് ചൈനീസ് പഴമൊഴി.
വലിയ ലക്ഷ്യങ്ങള്‍ മനസില്‍ നെയ്യുമ്പോള്‍ അതിനെക്കുറിച്ചോര്‍ത്ത് ആകുലപ്പെടരുത്. അപ്രതീക്ഷിതമായി ഉണ്ടാകുന്ന പ്രതിസന്ധികള്‍, പരാജയങ്ങള്‍, മറ്റുള്ളവരുടെ നിഷേധാത്മകമായ അഭിപ്രായങ്ങള്‍, ജീവിതത്തോട് തോന്നുന്ന വിരസത, മടി എന്നിവയെല്ലാം വഴിമുടക്കികളായി വന്നേക്കാം. തീവ്രമായ ലക്ഷ്യബോധമാണ് ഇത്തരം വഴിമുടക്കികളെ നേരിടാനുള്ള മൂര്‍ച്ചയേറിയ ആയുധം. ഓരോ നിമിഷവും ആ ആയുധത്തെ തേച്ച് മിനുക്കികൊണ്ടിരിക്കുക. പ്രതിസന്ധികളെയെല്ലാം ഇന്ധനമാക്കി മാറ്റുന്നവരാണ് യഥാര്‍ത്ഥ ജീവിത പോരാളികള്‍.
St. Francis CSI Church: Kochi, India