
വിക്കുമാറ്റിയ ഉരുളന്‍കല്ലുകള്‍
തിരമാലകള്‍ പോലെ വരുന്ന പ്രതിസന്ധികളെ നെഞ്ചുവിരിച്ചു നേരിടുമ്പോഴാണ് മഹത്വത്തിലേക്കുള്ള പാത തെളിയുന്നത്. ചിന്താഗതി, പ്രവൃത്തി, കഠിനാധ്വാനം, മനോഭാവം തുടങ്ങിയ നിരവധി കാര്യങ്ങള്‍ ഒത്തിണങ്ങി വരുമ്പോഴാണ് ഒരാളിലേക്ക് മഹത്വം വന്നു ചേരുന്നത്. ബി.സി. 384ല്‍ ഗ്രീസിലെ ആറ്റിക്കയിലാണ് ഡെമോസ്തനീസ് ജനിച്ചത്. ഏഴുവയസുള്ളപ്പോള്ത്തന്നെ അച്ഛനമ്മമാരുടെ മരണം ആ കുട്ടിയെ അനാഥത്വത്തിന്റെ പടുകുഴിയിലേക്ക് തള്ളിയിട്ടു. മാതാപിതാക്കള്‍ സമ്പന്നരായിരുന്നെങ്കിലും അവരുടെ മരണശേഷം ഡെമോസ്തനീസിന് സംരക്ഷകരായി അവതരിച്ച ബന്ധുക്കള്‍ സമ്പത്തെല്ലാം തട്ടിയെടുത്തു. വിക്കും ദുര്ബലസ്വരവും കാരണം ജന്മനാസംസാരശേഷി കുറവായിരുന്ന കൊച്ചു ഡെമോസ്തനീസിന് ബാല്യത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ വേദനകളുടെ വേലിയേറ്റമുണ്ടാകും.
വിധിയാലും ബന്ധുക്കളാലും ചതിക്കപ്പെട്ട ആ കുഞ്ഞു ബാലന് ഇവര്‍ക്കു മുന്നില്‍ കീഴടങ്ങുന്നതിനു പകരം കീഴ്പ്പെടുത്തുമെന്ന് പ്രതിജ്ഞ ചെയ്തു. തന്റെ സംസാരശേഷിയിലുള്ള ന്യൂനത പരിഹരിക്കുന്നതിനായി ആദ്യ ശ്രമം. അതിനുവേണ്ടി തിരഞ്ഞെടുത്ത മാര്‍ഗം ആരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. ചെറിയ ഉണ്ടക്കല്ലുകള് വായില്‍ ഇട്ടുകൊണ്ട് സമുദ്ര തീരത്ത് ചെന്നുനിന്ന് അവന് മണിക്കൂറുകളോളം തിരമാലകളെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു. അങ്ങനെ നിരന്തര പരിശീലനത്തിലൂടെ വിധിയെപ്പോലും ചെറുത്തു തോല്‍പ്പിച്ചുകൊണ്ട് അദ്ദേഹം തന്റെ തലമുറയിലെ കിടയറ്റ വാഗ്മിയായിത്തീര്ന്നു. പ്രഭാഷണ കലയെ സംബന്ധിച്ച് അനന്തര തലമുറകള്‍ക്ക് അനശ്വരമായ മാതൃകയും പ്രചോദനവുമാകാന്‍ മഹാനായ ഡെമോസ്തനീസിന് കഴിഞ്ഞു. തന്നില്‍ നിന്ന് ബന്ധുക്കള്‍ തട്ടിയെടുത്ത സമ്പത്തില്‍ ഭൂരിഭാഗവും പ്രഭാഷണ ചാതുരികൊണ്ട് കോടതിയില്‍ സ്വയം വാദിച്ച് ജയിച്ച് തിരിച്ച് പിടിക്കാനും അദ്ദേഹത്തിന് സാധിച്ചു.
ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കുമെന്നാണ് മാക്യവല്ലിയുടെ വചനം. തീവ്രമായ ആഗ്രഹമുണ്ടെങ്കില്‍ ഈ ലോകത്ത് നടക്കാത്തതായിട്ട് ഒരു ആഗ്രഹവുമില്ലെന്ന് നമുക്ക് ചുറ്റുമുള്ള ഒരുപാടു ഡെമോസ്തനീസുമാര് കാണിച്ചു തരുന്നുണ്ട്. പ്രതിഭ എന്നത് ഒരു ശതമാനം പ്രചോദനവും തൊണ്ണൂറ്റിയൊമ്പത് ശതമാനം അധ്വാനവുമാണ് എന്ന ഐന്‍സ്റ്റീനിന്റെ വാക്കുകള്‍ എന്നും മനസില്‍ അലടയിക്കണം.
St. Francis CSI Church: Kochi, India