
പ്രചോദന സുരഭിലം ഈ വിജയം
സ്വന്തം കഴിവുകളെ കുറിച്ച് ആദ്യം നമുക്ക് വേണ്ടത് വിശ്വാസമാണ് , ഈ വിശ്വാസത്തിലൂന്നിയ പ്രവര്‍ത്തനം നമ്മെ വിജയത്തില്‍ എത്തിക്കുന്നു. കഠിനാധ്വാനം ചെയ്യാനുള്ള മനസ് നമുക്കോരോരുത്തര്‍ക്കും വേണം. പരാജയം വിജയത്തിന്റെ കണ്ണാടിയാണ്. ഒരിക്കല്‍ പരാജിതനായാലും പൂര്‍ണ പരിശ്രമത്തോടെയുള്ള പ്രവൃത്തികള്‍ നമുക്ക് വിജയം തരും. ജയപരാജയങ്ങള്‍ ഇല്ലാത്തവര്‍ കുറവാണ്. പ്രതിസന്ധികളില്‍ തളരാത്തവര്ക്കെ വിജയമുള്ളൂ. ഏത് പ്രതിബന്ധങ്ങളിലും തളരാതെ മുന്നോട്ടു പോകാനുള്ള മനസാണ് സുരഭി ഗൗതം എന്ന ഐ.എ.എസ് ഓഫീസറുടെ വിജയത്തിന് വഴിത്തിരിവായത്. അതിനായി അവസാനം വരെ ഒപ്പം നിന്നതും കഠിനാധ്വാനം ചെയ്യാനുള്ള പ്രചോദനം തന്നതും അമ്മയാണെന്ന് സുരഭി അഭിമാനത്തോടെ പറയുന്നു. മധ്യപ്രദേശിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തിലായിരുന്നു സുരഭിയുടെ ജനനം. കൂട്ടുകുടുംബത്തിലെ മുപ്പതോളം പേര് എപ്പോഴും വീട്ടിലുണ്ടാകും. പക്ഷെ പല പ്രതിബന്ധങ്ങളെയും തരണം ചെയ്തിട്ടാണ് സുരഭി ഇന്ന് വഡോദര അസിസ്റ്റന്റ് കളക്ടര്‍ വരെയെത്തിയത്. ചെറുപ്പം മുതല്‍ പഠനത്തില്‍ മിടുക്കിയായിരുന്നു അവള്. അഞ്ചാം ക്ലാസ് മുതല്‍ കണക്ക് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ക്ക് മുഴുവന്‍ മാര്‍ക്കും നേടുമായിരുന്നു. പത്താം ക്ലാസിലെ ബോര്‍ഡ് പരീക്ഷയില്‍ ഗണിതശാസ്ത്രത്തിനും സയന്‍സിനും മുഴുവന്‍ മാര്‍ക്ക് വാങ്ങി. അവികസിതമായ സ്വന്തം ഗ്രാമത്തിലെ അപര്യാപ്തതകള്‍ സുരഭിയെ എന്നും അലട്ടിയിരുന്നു. തന്റെ നാടിന്റെ വികസനം അവളുടെ സ്വപ്നമായിരുന്നു. പത്താം ക്ലാസ് മുതലാണ് ഐ.എ.എസ് മോഹം മനസിലുദിച്ചത്. കളക്ടര്‍മാര്‍ക്ക് കിട്ടുന്ന ആദരവ് തന്നെയായിരുന്നു പ്രധാനം. തന്റെ നാടിന്റെ വികസനത്തിനുവേണ്ടി ആവുന്നതെല്ലാം ചെയ്യണമെന്ന അടങ്ങാത്ത ആവേശമാണ് തന്നെ ഒരു കളക്ടറാകാന്‍ പ്രേരിപ്പിച്ചത്. ആഗ്രഹമെന്ന വികാരം മനസില്‍ ഉണ്ടെങ്കില്‍ മാത്രമെ മികച്ച നേട്ടങ്ങള്‍ കെട്ടിപ്പടുക്കാന്‍ സാധിക്കുകയുള്ളൂ.
സ്വന്തം ഗ്രാമത്തിന്റെ അപര്യാപ്തതകള്‍ അവള്‍ക്ക് എന്നും വേദനയായിരുന്നു. ചികിത്സാസൗകര്യമില്ല, വൈദ്യുതിയില്ല, അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ല. കുറവുകള്‍ നികത്താന്‍ താന്‍ കളക്ടറാകുന്നതോടെ സാധിക്കുമെന്ന് ആ പെണ്‍കുട്ടി കണക്കുക്കൂട്ടി. അങ്ങനെ ഗ്രാമത്തില്‍ നിന്നും പുറത്തുപോയി പഠിക്കുന്ന ആദ്യ പെണ്‍കുട്ടിയായി സുരഭി മാറി. എന്‍ജിനിയറിംഗ് കോളേജില്‍ ചെന്നപ്പോള്‍ ഇംഗ്ലീഷ് ആയിരുന്നു പ്രശ്നം. ആരോടും സംസാരിക്കാന്‍ കഴിയുന്നില്ല. അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിയുന്നില്ല. ഫിസിക്സിലെ ഒരാശയം വ്യക്തമാക്കാന്‍ പറഞ്ഞപ്പോള്‍ അറിയാമായിരുന്നിട്ടും ഇംഗ്ലീഷ് അറിയാത്തതിനാല്‍ ശരിക്കും ബുദ്ധിമുട്ടി. അന്ന് തിരിച്ച് മുറിയിലെത്തിയ സുരഭി നിര്‍ത്താതെ കരഞ്ഞു. ബാഗുമെടുത്തു വീട്ടിലേക്കു പോകാന്‍ തീരുമാനിച്ചു. വീട്ടിലേക്കു വിളിച്ചപ്പോള്‍ കോളേജില്‍ തന്നെ തുടര്‍ന്നു പഠിക്കാനായിരുന്നു നിര്‍ദ്ദേശം. നീ പഠനം നിര്‍ത്തി തിരിച്ചുപോയാല്‍ പിന്നീട് ഗ്രാമത്തില്‍ നിന്ന് ഒരു പെണ്‍കുട്ടി പോലും പഠിക്കുവാന്‍ ആഗ്രഹിക്കുകയില്ല എന്നവര്‍ പറഞ്ഞു. സുരഭി നല്ല പാതയാവണം മറ്റുള്ളവര്‍ക്ക് വേണ്ടി തുറക്കേണ്ടതെന്ന് മാതാപിതാക്കള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. താന്‍ കാരണം ഒരാളും വിഷമിക്കരുതെന്ന് അവള് കണക്കു കൂട്ടി. ഇതുകൊണ്ട് തന്റെ നാടിനുണ്ടാവുന്ന നഷ്ടം വളരെ വലുതാണ്. വിദ്യാഭ്യാസ മില്ലാത്ത ഒരു ജനതയുടെ ബുദ്ധിമുട്ടുകള്‍ ചിന്തിക്കാവുന്നതിലും അപ്പുറമല്ലേ. ഇതോടെ ഞാന്‍ മാറി ചിന്തിക്കാന്‍ തുടങ്ങി. ഇംഗ്ലീഷ് എങ്ങനെയും കീഴടക്കണമെന്ന വാശിയായി. ഒടുവില്‍ സര്‍വകലാശാലയില്‍ തന്നെ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് വാങ്ങി വിജയിച്ചു. ചാന്‍സ്ലേഴ്സ് സ്കോളര്‍ഷിപ്പും കരസ്ഥമാക്കി. അപ്പോഴും ഐ.എ.എസ് മോഹം ഓര്‍മ്മിപ്പിച്ചിരുന്നത് അമ്മയാണ്. തന്റെ ജീവിതാനുഭവങ്ങളെക്കുറിച്ച് പറഞ്ഞപ്പോള്‍ അവള്‍ക്ക് അത് ഊര്‍ജമായി. 23-ാം വയസ്സില്‍ മൂന്ന് കുട്ടികളുണ്ടായിരുന്നു അവളുടെ അമ്മയ്ക്ക്. ഇളയകുട്ടിക്ക് 10 മാസം മാത്രം പ്രായമുള്ളപ്പോള്‍ വീട്ടിലെ ജോലികളൊക്കെ ഒതുക്കി അമ്മ ജോലിക്ക് പോവുമായിരുന്നു. ഇത്രയൊന്നും കഷ്ടപ്പാട് നിനക്കില്ലല്ലോ എന്ന ചോദ്യമായിരുന്നു സുരഭിയുടെ പ്രചോദനം. ആ വാക്കുകളാണ് അവളെ ഐ.എ.എസ് എന്ന വലിയ ലക്ഷ്യത്തിലെത്തിച്ചത്. ഇംഗ്ലീഷ് അറിയില്ലല്ലോ എന്ന് കരുതി അന്ന് കോളേജില്‍ നിന്ന് തിരിച്ച് പോന്നിരുന്നെങ്കില്‍ ഇന്ന് ഗ്രാമത്തിനു മുന്നിലും മാതാപിതാക്കളുടെ മുന്നിലും ഈ പെണ്‍കുട്ടിക്ക് തലഉയര്‍ത്തി നില്ക്കാന് ആകുമായിരുന്നില്ല. സുരഭിയുടെ ത്യാഗസുരഭിലമായ ജീവിതം മാതൃകയാണ്. ഇംഗ്ലീഷ് അറിയാതെ നന്നെ കഷ്ടപ്പെട്ടിരുന്ന സുരഭിക്ക് അവളുടെ ഉറച്ച നിശ്ചയദാര്‍ഢ്യം ഒന്നുകൊണ്ട് മാത്രമാണ് ഇന്നത്തെ നിലയില്‍ എത്താന്‍ സാധിച്ചത്. നമ്മുടെ ആഗ്രഹങ്ങള്‍ നടക്കണമെങ്കില്‍ ഉറച്ചൊരു മനസും നിശ്ചയദാര്‍ഢ്യവും ഉണ്ടായിരിക്കണമെന്ന സത്യത്തിന് ഉത്തമ ഉദാഹരണമാണ് സുരഭിയുടെ നേട്ടങ്ങള്‍. തന്റെ ജീവിതാനുഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടത് സുരഭിക്ക് പ്രതിസന്ധികളെ തരണം ചെയ്യാനുള്ള കരുത്ത് നല്കി. നാടിന്റെ നന്മയ്ക്കായും മികച്ച വികസന പ്രവര്‍ത്തനങ്ങള്‍ക്കായും തന്റെ ഈ പദവി വിനിയോഗിക്കാനാണ് അവള് ആഗ്രഹിക്കുന്നത്.
St. Francis CSI Church: Kochi, India